Friday, January 1, 2016

ഒരു സായാഹ്നം

ഒരു സായാഹ്നം കൂടി വിട പറയുന്നു. ശംഖുമുഖം തീരത്ത് ഇന്ന് കുറച്ചധികം തിരക്കനുഭവപ്പെട്ടു .പെട്രോമാക്സ് വെളിച്ചം നിറച്ചു കൊണ്ട് തെരുവു കച്ചവടക്കാർ.ഐ സ് ക്രീം, കടല, കപ്പലണ്ടി തുടങ്ങി കപ്പയും പൊരിച്ച മീനും വരെ നിറഞ്ഞ വിഭവങ്ങൾ. ഒരു ചെക്കൻ വില്പനയ്ക്കായി കൊണ്ടു വന്നിരിക്കുന്നൊരു സൂത്രം.

ഇലക്ട്രിക് വെളിച്ചം നിറച്ചൊരു കുഞ്ഞി റോക്കറ്റ്. ഒരു റബ്ബർ ബാൻഡിൽ വലിച്ചു നീട്ടി അവനത് ആകാശത്തേയ്ക്കു പായിക്കുന്നു.
എങ്ങാണ്ടു ദൂരങ്ങൾ മുകളിലേയ്ക്ക് ചെന്നിട്ട് അവൻ നില്ക്കുന്നിടത്തു തന്നെ കൃത്യമായി എത്തിപ്പെടുന്നു. അവനതു അതേ കൈകളിൽ തിരിച്ചു പിടിയ്ക്കവെ
കാഴ്ചക്കാർക്ക് ഏറെ വിസ്മയം.
അവൻ്റെ ആ വൈധഗ്ദ്യം കൊണ്ടാകാം അവൻ്റെ റോക്കറ്റുകൾ തകൃതിയായി വില്ക്കപ്പെടുന്നുണ്ട്.
ആകാശം നിറയെ റോക്കറ്റുകളിൽ നിന്നുള്ള വെളിച്ചം.

ഇന്നെന്തോ നല്ല മഞ്ഞുമൂടിയ തണുപ്പ്.ഒപ്പം അകലങ്ങളിൽ നിന്നും വരുന്ന കടൽ കാറ്റും. നാട്ടുവർത്തമാനങ്ങളുമായി ഒരു വിഭാഗം, പരദൂഷണങ്ങളുമായി മറ്റൊരു വിഭാഗം. പ്രണയിതാക്കൾ, ഫുട്ബോൾ കളിക്കുന്ന ചെക്കൻമാർ, കുട്ടികൾ...

എന്നാൽ ഇന്നത്തെ സായാഹ്നത്തിനെ മനോഹരിയാക്കിയത് ഇവയല്ല. ആ ശബ്ദമാണ്. അകക്കണ്ണു കൊണ്ടു മാത്രം കാണാൻ കഴിയുന്ന ഒരു തെരുവു ഗായകൻ്റെ ശബ്ദം.
വയലാറും ദേവരാജൻ മാഷും
ബാബുക്കയുമൊക്കെ അനശ്വരമാക്കിയ വരികൾ വീണ്ടുമൊരിക്കൽ കൂടി .
ആർത്തിരമ്പിയെത്തുന്ന കടൽത്തിരമാലകൾ പോലും കരയിലേയ്ക്കെത്തവെ ആ ശബ്ദത്തിനു കാതോർക്കുന്ന പോലെ...

സമീപത്തിരിയ്ക്കുന്ന ബക്കറ്റിനുള്ളിൽ നിറയുന്ന ചില്ലറ തുട്ടുകൾക്കാണെങ്കിൽ കൂടി, അവിടെ ഒത്തുകൂടിയവർക്ക് എന്തു മനോരമായ വിരുന്നാണൊരുക്കിയത്. ഒരു കാലഘട്ടത്തിലേയ്ക്ക് പോയി വന്ന
പോലെ.

No comments:

Post a Comment

ചക്ക മാമയും , ചക്ക കച്ചോടവും

കോവിഡ് കാലമായപ്പോഴാണ് പ്ലാവിന്റെയും ചക്കയുടെയും ഗുണങ്ങൾ കൂടുതലും നാമറിയുന്നത്. നല്ലയിനം പ്ലാവിന്റെ തടി ഉപയോഗിച്ചാണ് പണ്ടും ഇപ്പോഴു൦ ഒരുപാട് ...